ന്യൂദൽഹി- ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് കരസേന ഉത്തരവിട്ടു. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമേയാണിത്. ബ്രിഗേഡ് കമാൻഡർ തല അന്വേഷണമാണ് നടക്കുക. പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയിൽനിന്ന് കഴിഞ്ഞ 22 ന് സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സൈന്യം കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവാക്കളെ ചില സൈനികർ മർദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കശ്മീരിലെ പൂഞ്ചിൽ നാലു ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് യുവാക്കളെ ചോദ്യം ചെയ്യാനായി സൈന്യംകസ്റ്റഡിയിലെടുത്തത്.
27 നും 43 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്. തോപ പീർ ഗ്രാമവാസികളായ സഫീർ ഹുസൈൻ, മുഹമ്മദ് ഷൗക്കത്ത്, ഷാബിർ അഹമ്മദ് എന്നിവരാണ് മരിച്ചത്. സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഞ്ചുപേർ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്.
യുവാക്കളുടെ മരണത്തിൽ ജമ്മു കശ്മീർ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ സൈന്യം പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. യുവാക്കളെ കസ്റ്റഡിയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിന് സേന ഉത്തരവിട്ടിരുന്നു.
ആരോപണവിധേയരായ സൈനിക ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീർ സർക്കാർ ധനസഹായവും കുടുംബത്തിലെ ഒരാൾക്ക് ജോലിയും നൽകാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാക്കളുടെ ദുരൂഹ മരണത്തിൽ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. യുവാക്കളുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് നാഷണൽ കോൺഫറൻസ് ആവശ്യപ്പെട്ടു. യുവാക്കളുടെ മരണത്തെത്തുടർന്ന് മേഖലയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുന്നത് തടയുക ലക്ഷ്യമിട്ട് മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.