സ്വച്ച് സർവേക്ഷൺ എന്ന ദേശീയ ശുചിത്വ സർവേയുടെ റാങ്കിംഗിൽ കേരളത്തിന്റെ സ്ഥാനം പിന്നിൽ തന്നെ. പ്രധാന അവാർഡുകളിൽ ആശ്വാസമായി ആലപ്പുഴയ്ക്ക് ലഭിച്ച ‘ബെസ്റ്റ് സ്മോൾ സിറ്റി ഇൻ ഇന്നവേഷൻ ആൻഡ് ബെസ്റ്റ് പ്രാക്ടീസസ്” എന്ന അംഗീകാരം മാത്രം. ശുചിത്വത്തെ കുറിച്ച് ഏറെ അഭിമാനിക്കുന്ന മലയാളികളുടെ സ്വന്തം കേരളത്തിന്റെ പൊടി പോലുമില്ല ആദ്യത്തെ റാങ്കുകളിൽ കണ്ടുപിടിക്കാൻ. സംസ്ഥാനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് റാങ്ക് ചെയ്തത്. നഗര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ നൂറിൽ താഴെയുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഉൾപ്പെട്ടത്. ആകെ പതിനഞ്ച് സംസ്ഥാനങ്ങളുള്ള ഈ വിഭാഗത്തിൽ കേരളത്തിന്റെ സ്ഥാനം ഏറ്റവും അവസാനമാണ്. ജാർഖണ്ഡ് ആണ് ഒന്നാമത്. ഹരിയാനയും ഉത്തരാഖണ്ഡും സിക്കിമും ഹരിയാനയും ആദ്യത്തെ അഞ്ച് സ്ഥങ്ങളിലുണ്ട്.ആലപ്പുഴയാണ് കേരളത്തിന്റെ അഭിമാനം. റാങ്ക് 152. പ്രധാന നഗരങ്ങൾ എല്ലാം തന്നെ പിന്നിൽ. തിരുവനന്തപുരം (304), പാലക്കാട് (335),കൊല്ലം (352),കോട്ടയം (355), കോഴിക്കോട് (361),തൃശൂർ (366), കൊച്ചി (372) എന്നിങ്ങനെ നീളുന്നു കേരളത്തിലെ പ്രമുഖ പട്ടണങ്ങളുടെ റാങ്കിങ്. തുടർച്ചയായി നാലാം തവണയും മധ്യപ്രദേശിലെ ഇൻഡോറാണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം. ഗുജറാത്തിലെ സൂറത്ത് രണ്ടാമത്തെ സ്ഥാനത്തും മഹാരാഷ്ട്രയിലെ നവി മുംബൈ മൂന്നാമതും എത്തി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രി ഹര്ദീപ് സിങ് പുരിയാണ് 2020 ലെ അവാർഡുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും ബൃഹത്തായ ശുചിത്വ സർവയാണ് ഇത്. 4242 നഗരങ്ങളിലാണ് 28 ദിവസം കൊണ്ട് പൂർത്തീകരിച്ച സർവേയിൽ അഞ്ച് ലക്ഷത്തിലേറെ രേഖകളും 24 ലക്ഷത്തോളം ഫോട്ടോകളുമാണ് ശേഖരിച്ചത്. 1.9 കോടി ജനങ്ങൾ ഇതിന്റെ ഭാഗമായി. പൂർണമായും ഡിജിറ്റലാണ് സർവേ.