സി.പി.എം മന്ത്രി പുത്രനോപ്പം സ്വപ്ന ഹോട്ടലിൽ; 4 കോടി കമ്മിഷനിലും പങ്കുപറ്റിയതായി വെളിപ്പെടുത്തല്‍.

റെഡ്ക്രന്റ്- ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടില്‍ സി.പി.എം മന്ത്രിയുടെ മകന് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി കൈരളി ചാനല്‍ സിഇഒ ജോണ്‍ ബ്രിട്ടാസ് നടത്തിയ വെളിപ്പെടുത്തലുകളിലാണ് കെ. സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചിരുന്നത്.

കോഴിക്കോട് ∙ ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചു. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരം. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്. മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടി. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു സൂചന. വീസ സ്റ്റാംപിങ് കരാർ യുഎഎഫ്എക്സിനു നേടിക്കൊടുത്തതിന്റെ കമ്മിഷൻ പണമാണ് ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് 3 കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നത്. കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 3 ഏജൻസികളുടെയും പക്കൽ മന്ത്രിപുത്രന് സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram