നടന്‍ കൃഷ്ണകുമാറിന്റെ വിവാദ പരാമര്‍ശത്തില്‍ പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ കേസ് എടുത്തു.

തൊട്ടുകൂടായ്മ സമ്പ്രദായത്തെ ന്യായീകരിക്കുന്ന തരത്തില്‍ വ്‌ളോഗ് ചെയ്ത ബിജെപി നേതാവും നടനുമായ കൃഷ്ണകുമാറിനെതിരെ കേസെടുത്ത് പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍. ദിശ പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊച്ചി പോലീസ് കമ്മീഷണറോട് കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തു. സാമൂഹികപ്രവര്‍ത്തകയായ ധന്യ രാമനും കൃഷ്ണകുമാറിനെതിരെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വർണാശ്രമ വ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെയാണ് വളരെ സ്വാഭാവിക സംഭവമെന്ന മട്ടിൽ കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ പ്രസിദ്ധീകരിച്ച വീഡിയോയിലാണ് തൊട്ടുകൂടായ്മയെ ന്യായീകരിക്കുന്ന പരാമർശം നടത്തിയത്.

പഴങ്കഞ്ഞിയുടെ ഗുണങ്ങളെക്കുറിച്ച് പുകഴ്ത്തി പറയുന്നതിനിടെയാണ് തന്റെ വീട്ടിൽ പണ്ട് പണിക്കാർക്ക് കഞ്ഞി കൊടുത്തിരുന്നത് മണ്ണിൽ കുഴികുത്തിയായിരുന്നു എന്ന കാര്യം ഓർത്തെടുക്കുന്നത്. പണിയെടുത്ത് കുഴഞ്ഞ് വരുന്ന പണിക്കാര്‍ മണ്ണിലെ കുഴിയില്‍ ചേമ്പില വിരിച്ച് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്ന കാഴ്ച ഓർക്കുമ്പോൾ ഇപ്പോഴും കൊതി വരുമെന്നായിരുന്നു ബിജെപി നേതാവിന്റെ വാക്കുകൾ. അഞ്ചുമാസം മുൻപുള്ള ദൃശ്യങ്ങൾ ആയിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴാണ് ഇത് ചർച്ചയായത്.

കൊച്ചിയിലെ ഹോട്ടൽ മാരിയറ്റിൽ താമസിക്കുമ്പോൾ പ്രഭാത ഭക്ഷണമായി പഴങ്കഞ്ഞി ഉണ്ടായിരുന്നു. അതുകണ്ടപ്പോൾ ഉണ്ടായ ഓർമകളെക്കുറിച്ചാണ് കൃഷ്ണകുമാർ വിവരിക്കുന്നത്. മണ്ണിൽ പണിയെടുത്തിരുന്നവർക്ക് കുഴികുത്തി ഭക്ഷണം നൽകിയിരുന്നത് ഇപ്പോഴും വ്ലോഗിനുള്ള കണ്ടന്റ് ആക്കുന്നതിനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പലരും രംഗത്തെത്തിയിരുന്നു.

ഞങ്ങളുടെ വാട്ട്‌സ്ആപ്പ് ചാനൽ പിന്തുടരാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

https://whatsapp.com/channel/0029VaGwfxSJuyAAtkHBrD0T

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram