ഒരു വർഷം മുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളൂർ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്ത ലൈഫ് പദ്ധതിയിലെ 4 വീടുകളിൽ ഇപ്പോഴും താമസിക്കാനാളില്ല. വീടുകൾ ഇപ്പോഴും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. വീട് കിട്ടിയവരിൽ പലരും അനർഹരാണെന്നാണ് ആക്ഷേപം.
വെള്ളൂർ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ നിർമ്മിച്ച് നൽകിയ 13 വീടുകളിൽ നാല് വീടുകളാണ് ഒന്നാം വാർഷിക ദിനത്തിലും താമസിക്കാൻ ആളില്ലാതെ കാടുകയറി കിടക്കുന്നത്.അർഹനെന്ന് പഞ്ചായത്ത് കണ്ടെത്തിയ ഒരാൾ വീട് വേണ്ടെന്ന് പറഞ്ഞ് താക്കോൽ മടക്കി നൽകി. മൂന്ന് പേരാകട്ടെ താക്കോൽ കിട്ടിയ വീട്ടിൽ താമസിക്കാനുമെത്തിയില്ല.എന്നാൽ അപേക്ഷിച്ചവർക്ക് മാനദണ്ഡപ്രകാരമാണ് വീട് നൽകിയതെന്നാണ് പഞ്ചായത്ത് വാദം
പഞ്ചായത്തിന് സൗജന്യമായി കിട്ടിയ 65 സെന്റ് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ ഒരുക്കി തയാറാക്കിയ വീടുകളിൽ 4 പേർ മാത്രമാണ് ആദ്യം താമസിക്കാനെത്തിയത്.. 4 മാസം കഴിഞ്ഞും ബാക്കിയുള്ളവരെത്താതായപ്പോൾ പഞ്ചായത്ത് നോട്ടീസ് നൽകിയതോടെയാണ് 6 പേർ കൂടി എത്തിയത്. തല ചായ്ക്കാൻ ഒരു കൂര പോലുമില്ലാതെ ആയിരങ്ങൾ പെരുവഴിയിൽ അന്തി ഉറങ്ങുമ്പോഴാണ് അനർഹർ പട്ടികയിൽ ഇടം നേടിയത്.