കാസർകോട്: ആർക്കും ഉപകാരമില്ലാതെ തുരുബെടുക്കാൻ ജനറൽ ആസ്പത്രിയിൽ ഒരു ഓക്സിജൻ പ്ലാന്റ്. കോവിഡ് കാലത്ത് പ്രാണവായുവിന് ബുദ്ധിമുട്ടുണ്ടായേക്കാമെന്ന സ്ഥിതി മുന്നിൽക്കണ്ട് സെൻട്രൽ ചിന്മയ മിഷൻ മുംബൈയാണ് 35 ലക്ഷം രൂപ ചെലവിൽ പ്ളാന്റ് സ്ഥാപിച്ചത്. ഈ ഓക്സിജൻ പ്ലാന്റ് ആർക്കും ഉപയോഗമില്ലാതെ കിടക്കാൻ തുടങ്ങിയിട്ട് മാസം ആറായി. പ്ലാന്റ് പ്രവർത്തിപ്പിക്കാനുള്ള ജീവനക്കാരനെ ഇതുവരെ നിയമിച്ചില്ല.
കണ്ണൂരിലെ സ്വകാര്യ ഏജൻസിയിൽനിന്ന് ലക്ഷക്കണക്കിന് രൂപ നൽകിയാണ് നിലവിൽ ആസ്പത്രിയിലേക്കുള്ള ഓക്സിജൻ വാങ്ങുന്നത്. പ്ലാന്റ് പ്രവർത്തിപ്പിക്കുന്നത് സംബന്ധിച്ച അപേക്ഷ ആസ്പത്രി അധികൃതരിൽനിന്ന് ഇതുവരെ ലഭിച്ചില്ലെന്നാണ് നഗരസഭാ അധികൃതർ പറയുന്നത്. മാസങ്ങളോളം പൊടിപിടിച്ചു കിടന്ന യന്ത്രത്തിന്റെ തകരാറ് പരിഹരിക്കാനുള്ള ചെലവ് ആര് വഹിക്കുമെന്ന കാര്യത്തിൽ പോലും തീരുമാനമായില്ല.
ഒരു മിനിറ്റിൽ 160 ലിറ്റർ ഓക്സിജൻ
ഒരു മിനിറ്റിൽ 160 ലിറ്റർ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിലൂടെ 50 രോഗികൾക്ക് ഒരേ സമയം ഉപയോഗിക്കാൻ കഴിയുന്ന പ്ളാന്റാണ് നശിക്കുന്നത്. മുംബൈയിലെ സ്വകാര്യ കമ്പനിയാണ് പ്ലാന്റ് സ്ഥാപിച്ചത്. സാമഗ്രികൾ മുൻകൂട്ടി എത്തിച്ചിട്ടും സ്ഥലം കണ്ടെത്തുന്നതിൽ ആസ്പത്രി അധികൃതർക്ക് വന്ന വീഴ്ച കാരണം പ്ലാന്റ് സ്ഥാപിക്കുന്നത് നീണ്ടു. 2021 ജൂലായ് 30-ന് പ്ലാന്റ് നിർമിക്കാനുള്ള സാമഗ്രികൾ ആസ്പത്രിയിൽ ഇറക്കി.
ഷെഡിനായി സ്ഥലം കണ്ടെത്തുന്നതിൽ ആസ്പത്രി അധികൃതർക്ക് വന്ന വീഴ്ച കാരണം പ്ലാന്റ് സ്ഥാപിക്കൽ നീണ്ടു. ഒടുവിൽ 2023 ജൂൺ 19-ന് പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പ്ലാന്റിന്റെ പ്രവർത്തനം പഠിപ്പിക്കാൻ കമ്പനിയിൽനിന്നുള്ള ടെക്നീഷ്യൻ സന്നദ്ധനായിരുന്നു. എന്നാൽ, ഇത് പഠിക്കാൻ ആ സമയം ആസ്പത്രിയിൽ ടെക്നീഷ്യൻ ഇല്ലായിരുന്നുവെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. എ.ജമാൽ അഹമദ് പറഞ്ഞു.