കാര്യക്ഷമതയില്ലാതെ കെ-ഫോണ്‍; ട്രഷറികളിലേക്ക് വീണ്ടും BSNL കണക്ഷൻ, പൊതുജനങ്ങള്‍ക്കും സേവനം ലഭിക്കുന്നില്ല

തിരുവനന്തപുരം: കെ-ഫോൺവഴി കാര്യക്ഷമതയുള്ള ഇന്റർനെറ്റ് സംവിധാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ബി.എസ്.എൻ.എലുമായുളള കരാർ അവസാനിപ്പിക്കാനിരുന്ന ട്രഷറി വകുപ്പിന് വീണ്ടും ബി.എസ്.എൻ.എൽ.തന്നെ ശരണം. ഉദ്ഘാടനംക ഴിഞ്ഞ് ആറുമാസം കഴിഞ്ഞിട്ടും സേവന കാര്യത്തിൽ വേണ്ടത്ര പുരോഗതിയില്ലാത്തതിനെത്തുടർന്ന് ബി.എസ്.എൻ.എലുമായി കരാർ തുടരാൻ ട്രഷറിവകുപ്പിന് സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കെ-ഫോൺ ഫലപ്രാപ്തിയിലെത്താൻ എല്ലാ ഓഫീസുകളിലും കെ-ഫോൺ വഴിയുളള ഇന്റർനെറ്റ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാൻ നേരത്തേ നിർദേശം നൽകിയിരുന്നു. മറ്റു കണക്ഷനുകളാണ് ഉപയോഗിക്കുന്നതെങ്കിൽ അവ വിച്ഛേദിക്കാനും ചീഫ് സെക്രട്ടറി നിർദേശിച്ചിരുന്നു.

സർക്കാർ നിർദേശം വന്നതിനുപിന്നാലെ 51 ട്രഷറി ഓഫീസുകളിലും കെ-ഫോൺ ഇന്റർനെറ്റ് കണക്ഷൻ സ്ഥാപിച്ചെങ്കിലും പൂർണമായും അതിനെമാത്രം ആശ്രയിക്കാനായില്ല. ഇതിനിടെ 2018 മുതൽ ബി.എസ്.എൻ.എലുമായി ഉണ്ടായിരുന്ന ഇന്റർനെറ്റ് ലീസ് ലൈനിന്റെ കാലാവധി തീരുകയുംചെയ്തു. എന്നാൽ, ബി.എസ്.എൻ.എലുമായി കരാർ പുതുക്കാതെ കെ-ഫോണിനെമാത്രം ആശ്രയിച്ചാൽ ട്രഷറി പ്രവർത്തനങ്ങൾ തടസ്സപ്പെട്ടേക്കാമെന്ന സംശയത്തെത്തുടർന്ന് ട്രഷറിവകുപ്പ് സർക്കാരിനെ സമീപിക്കുകയായിരുന്നു.

ബി.എസ്.എൻ.എൽ. നൽകുന്ന തരത്തിലുള്ള സേവനവും പിന്തുണയും കെ-ഫോണിൽനിന്ന് ലഭിക്കുന്നതുവരെ കരാർ തുടരാനുള്ള ട്രഷറിവകുപ്പിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു.

അപേക്ഷിച്ചാലും പൊതുജനങ്ങൾക്ക് കണക്ഷനില്ല

‘എന്റെ കെ-ഫോൺ’ എന്ന മൊബൈൽ ആപ്പിലൂടെ ആവശ്യക്കാർക്ക് പേര് രജിസ്റ്റർ ചെയ്യാനുമാകും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ഒരുലക്ഷത്തോളം അപേക്ഷകൾ ലഭിച്ചെങ്കിലും കണക്ഷൻ നൽകുന്നതിന് അനുമതി ലഭിച്ച പ്രാദേശിക ഓപ്പറേറ്റർമാർ മുഖേനയുള്ള സേവനം കാര്യക്ഷമമായില്ല. കണക്ഷന് അപേക്ഷിച്ച് ആറുമാസം കഴിഞ്ഞവർക്കുപോലും ഒരറിയിപ്പും ലഭിച്ചിട്ടില്ല.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram