തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ഇന്ന് വൈകിട്ട് തിരുവാഭരണ ഘോഷയാത്രയോടെ ആരംഭിച്ചു

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ പാര്‍വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ധനുമാസത്തിലെ തിരുവാതിരനാള്‍ മുതല്‍ 12 ദിവസമാണ് ക്ഷേത്രത്തില്‍ നടതുറപ്പ് മഹോത്സവം ആഘോഷിക്കുന്നത്.

നടതുറപ്പുത്സവത്തിന് പ്രാരംഭം കുറിച്ചുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ട് 4.30ന് ക്ഷേത്ര ഐതിഹ്യവുമായി ബന്ധപ്പെട്ട അകവൂര്‍ മനയിലെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. മഹാദേവനും പാര്‍വതി ദേവിക്കും ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും കെടാവിളക്കില്‍ നിന്ന് പകര്‍ത്തിയ ദീപവും പ്രത്യേകം അലങ്കരിച്ച രഥത്തില്‍ താലം, പൂക്കാവടി, വാദ്യമേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.

രാത്രി 8 ന് തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ തിരുവാഭരണങ്ങള്‍ വിഗ്രഹങ്ങളില്‍ ചാര്‍ത്തിയശേഷം ആചാരപൂര്‍വ്വം നടതുറക്കും. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്‍മണി മനകളിലെ പ്രതിനിധികളും, സമുദായ തിരുമേനിയും, ദേവിയുടെ തോഴി സങ്കല്‍പ്പമായ പുഷ്പിണിയും, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും ചടങ്ങിന് സാക്ഷിയാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ 4 മുതല്‍ ഉച്ചക്ക് 1.30 വരെയും, ഉച്ചക്ക് 2 മുതല്‍ രാത്രി 9 വരെയും ദര്‍ശനം സാധ്യമാകും. ക്ഷേത്രത്തില്‍ ഇന്ന് പാരമ്പര്യ രീതിയില്‍ തയ്യാറാക്കുന്ന എട്ടങ്ങാടി നിവേദ്യം ഉണ്ടാകും.

നടതുറപ്പ് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് സര്‍വീസുകള്‍ നടത്തും. തിരക്കൊഴിവാക്കാന്‍ വെര്‍ച്വല്‍ ക്യു ബുക്കിങ് ഏര്‍പ്പടുത്തിയിട്ടുണ്ട്. ജനുവരി 6 ന് രാത്രി 8 ന് നടതുറപ്പ് മഹോത്സവം സമാപിക്കും.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram