ഇറച്ചിയും മീനും മുട്ടയും പാചകം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…

“പാചകത്തിൽ ചിലർക്ക് കൈപ്പുണ്യം കൂടുതലാണെന്ന് പറഞ്ഞു കേൾക്കാറില്ലേ? എന്നാൽ ഈ കൈപ്പുണ്യത്തിന്‍റെ രഹസ്യമിരിക്കുന്നത് സമർഥമായ ചില പൊടിക്കൈകളിലാണ്. ഈ അടുക്കളവിദ്യകൾ ആരോഗ്യകരം കൂടിയാകുമ്പോൾ പാചകം പൂർണതയിലെത്തും. ഇറച്ചിയും മീനും മുട്ടയും തയാറാക്കുമ്പോഴുള്ള ചില പൊടിക്കൈകൾ നോക്കാം”

● ഇറച്ചിക്കറി തയാറാക്കുമ്പോൾ മുളകുപൊടിയുടെ അളവ് കുറച്ച് കുരുമുളകുപൊടി കൂടുതൽ ചേർക്കുന്നത് ആരോഗ്യദായകമാണ്.

● മീനും ഇറച്ചിയും തയാറാക്കുമ്പോൾ വെളുത്തുള്ളി ചേർത്താൽ കൊളസ്ട്രോൾ നിയന്ത്രിക്കാം.

● മാംസം തയാറാക്കുന്നതിന് മുൻപ് അരമണിക്കൂർ നല്ല ചൂടുള്ള വെള്ളത്തിലിടുക. മാംസത്തിനടിയിലുള്ള കൊഴുപ്പ് ചൂടുവെള്ളത്തിലലിയും.

● മീൻകറിയും ഇറച്ചിക്കറിയും തയാറാക്കി തണുപ്പിച്ച് ഫ്രിഡ്ജിൽ വച്ചാൽ കൊഴുപ്പ് മുകളിൽ കട്ടിയാകും. ഇതു സ്പൂൺകൊണ്ട് മാറ്റാം.

● കോഴിയിറച്ചിയും മീനും വറുക്കാതെ ആവിയിൽ പാകപ്പെടുത്തുന്നത് കൂടുതൽ ആരോഗ്യകരമാണ്.

● ചിക്കൻ ഫ്രൈ ഇഷ്ടമുള്ളവർ വറുക്കുന്നതിന് പകരം അവ്നിലോ തന്തൂരിയിലോ ഗ്രിൽ ചെയ്യുക.

● പോത്തിറച്ചി (ബീഫ്) പാകം ചെയ്യുമ്പോൾ ഒരു കഷണം പപ്പായ കൂടി ചേർത്താൽ ഇറച്ചിക്കറിക്കു നല്ല മാർദവം കിട്ടും.

● മീൻകറിയിലും അച്ചാറിലും തോരനിലും മെഴുക്കുപുരട്ടിയിലും കാന്താരി മുളകു ചേർത്താൽ ബിപി നിയന്ത്രിക്കാം.

● മീൻകറിയിലും അച്ചാറിലും മറ്റും ഇരുമ്പൻപുളി ഉപയോഗിച്ചാൽ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാം.

● മത്തി, കൊഴുചാള, അയില എന്നീ ചെറുമീനുകളിലെ ഒമേഗാ—3 ഫാറ്റീ ആസിഡുകൾ ഹൃദയാഘാതത്തെ പ്രതിരോധിക്കുന്നു.

● മൺപാത്രത്തിൽ മീൻകറി തയാറാക്കിയാൽ കൂടുതൽ ദിവസം കേടു കൂടാതിരിക്കും. രുചിയേറും.

● മീൻകറിക്കു പുളിക്കായി കുടമ്പുളിയോ ഇരുമ്പൻപുളിയോ ഉപയോഗിക്കുക. വാളൻപുളി കഴിവതും വേണ്ട. കുടമ്പുളിയാണു ചേർക്കുന്നതെങ്കിൽ ദഹനം സുഗമമാകും.

● മീനും കൊഞ്ചും വറുക്കുന്നതിനു പകരം അരപ്പുപുരട്ടി ഇലയിൽ വച്ചു പൊതിഞ്ഞുകെട്ടി എണ്ണമയം പുരട്ടിയ ചട്ടിയിൽ പൊള്ളിച്ചെടുക്കുക.

● രക്തത്തിൽ കൊളസ്ട്രോൾ കൂടുതലുള്ളവർ മുട്ടയുടെ മഞ്ഞക്കരു മാറ്റി വെള്ള മാത്രം കഴിക്കുക.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram