വി പ്രതാപചന്ദ്രന്റെ മകൻ്റെ പരാതിക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ ടിയു രാധാകൃഷ്ണന്, ആര്‍വി രാജേഷ്, വിനോദ് കൃഷ്ണ എന്നിവരാണെന്ന് അന്വേഷണകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയത്.
തിരുവനന്തപുരം∙ കെപിസിസി ട്രഷറർ അഡ്വ. വി പ്രതാപചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ട് കെപിസിസി പൂഴ്ത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നെന്നും കോൺഗ്രസിലെ ചിലരുടെ മാനസിക പീഡനത്തെതുടർന്നാണ് പ്രതാപചന്ദ്രൻ മരിച്ചതെന്നുമുള്ള കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് അന്വേഷണ കമ്മറ്റിയെ നിയോഗിച്ചത്.
137 ചലഞ്ചിലും കെ പി സി സി ഓഫീസിലെ സാമ്പത്തിക ഇടപാടുകളിലും വലിയ ക്രമക്കേട് നടന്നു. ഇതിനെ മറുവിഭാഗം ചോദ്യം ചെയ്തു. ഇതിനെ തുടർന്നുള്ള തർക്കങ്ങൾ പ്രതാപചന്ദ്രൻ്റെ മരണത്തിലേക്ക് വഴിവച്ചുവെന്നാണ് സൂചനകൾ. പക്ഷെ പ്രതാപചന്ദ്രന്റെ മരണശേഷം ചിലരെ പ്രതിസ്ഥാനത്ത് നിർത്തി ക്രമക്കേട് നടത്തിയവർ തലയൂരിയതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. വ്യക്തിവിരോധം തീര്‍ക്കാന്‍ കള്ളപ്പരാതിയുണ്ടാക്കി അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോപണ വിധേയരായ പ്രമോദ് കോട്ടപ്പള്ളിയും രമേശ് കാവിലും നിയമനടപടികളിലേക്ക് കടന്നത് ഈ ഘട്ടത്തിലാണ്.
റിപ്പോർട്ടിൽ മരണത്തിന് പിന്നിൽ കെപിസിസി സെക്രട്ടറിയെന്ന് വ്യക്തമായതിന് പിന്നാലെയാണ് കെ സുധാകരൻ റിപ്പോർട്ട് പൂഴ്ത്തിയത്. ടി യു രാധാകൃഷ്ണൻ, വിനോദ് കൃഷ്ണ, ആർ വി രാജേഷ് എന്നിവരെ അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തി. കെ.പി.സി.സി ഓഫീസുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾക്ക് നേതൃത്വം നൽകുന്നവരാണ് ഇവരെന്നും റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്. ഗൂഡാേലാചനക്ക് പിന്നിൽ കെപിസിസി സെക്രട്ടിയും കൂട്ടാളികളും ആണെന്നും റിപ്പോർട്ടിൽ പറയുന്നു. കെപിസിസി അംഗങ്ങളുടെ ഗുരുതര ക്രമക്കേടുകൾ തെളിഞ്ഞെങ്കിലും റിപ്പോർട്ട് കെപിസിസിക്കുള്ളിൽ തന്നെ അവസാനിപ്പിച്ചിരിക്കുകയാണ് നേതൃത്വം.