തിരുവനന്തപുരം: നവകേരള സദസിനെതിരേ പരിഹാസവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പരിപാടി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ ഇളിച്ചുകാട്ടുന്ന നടപടിയെന്ന് സുധാകരന് പ്രതികരിച്ചു. ഒരു കോടിയിലധികം രൂപയുടെ വാഹനത്തില്‍ നടത്തുന്ന യാത്രയിലൂടെ ജനങ്ങള്‍ക്ക് നേരേ കൊഞ്ഞനം കുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എത്ര കോടി രൂപയാണ് പരിപാടിക്കുവേണ്ടി ചെലവഴിക്കുന്നതെന്നും സുധാകരന് ചോദിച്ചു. ജനങ്ങളെ വിഡ്ഢികളാക്കുകയാണ് സര്‍ക്കാര്‍. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട പണം ലഭിച്ചിരുന്നെങ്കിൽ സംസ്ഥാനത്ത് ഇന്നും കര്ഷകന് ജീവനൊടുക്കുന്ന അവസ്ഥ വരുമായിരുന്നില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം എത്ര കോടിയാണ് ചെലവഴിക്കുന്നത്. മുഖ്യമന്ത്രിക്ക് ആരില്‍ നിന്നാണ് ഭീഷണിയുള്ളതെന്നും സുധാകരന് ചോദിച്ചു. അന്തസും അഭിമാനവും ഉണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടി ഇത്തരം ധൂര്‍ത്ത് അവസാനിപ്പിക്കണം. ഒന്നുകില്‍ മുഖ്യമന്ത്രി തന്നെ ഇക്കാര്യങ്ങളില്‍ പുനരാലോചന നടത്തണം. ഇല്ലെങ്കില്‍ കൂടെ നില്ക്കുന്നവര് അദ്ദേഹത്തെ ഉപദേശിച്ച് നന്നാക്കണമെന്നും സുധാകരന് പറഞ്ഞു. നവകേരള സദസില്‍ പങ്കെടുക്കരുതെന്ന് യുഡിഎഫ് ആരോടും പറഞ്ഞിട്ടില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവരെ കേരളത്തിലെ ജനങ്ങള്‍ ശപിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.