കടകംപള്ളി വില്ലേജിൽ അണമുഖം വാർഡിൽ അശാസ്ത്രീയമായി നിർമ്മിക്കുന്ന പാലത്തിനെതിരെ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ സമരപരിപാടി അലങ്കോലമാക്കി മുൻ കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി. പാലം നിർമ്മാണം നടക്കുന്ന നെല്ലിക്കുഴി എന്ന ഭാഗത്ത് അടുത്തകാലത്തായി വെള്ളപ്പൊക്കം നിത്യസംഭവമാണ്. നിരവധി വീടുകൾ വെള്ളം കയറി നാശമായതോടെ പൊറുതിമുട്ടിയ നാട്ടുകാരും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്നാണ് സമരം നടത്തിയത്. ഈ സമയത്ത് സ്ഥലത്തെത്തിയ കോൺഗ്രസ്സ് പ്രവർത്തകനായ മനുകുമാറിന്റെ നേതൃത്വത്തിൽ ഏതാനുംപേർ കൊടികളും ഫ്ളക്സ് ബോർഡുകളും നശിപ്പിക്കുകയാണുണ്ടായത്. കൂടാതെ പാലം പണിയിൽ യാതൊരു അപാകതയില്ലെന്നും നല്ലരീതിയിൽ തന്നെയാണ് സി,പി.എം എം,എൽ.എ പാലം പണിയുന്നതെന്നും സൂചിപ്പിച്ചുകൊണ്ട് സമരപരിപാടിയെ പൂർണ്ണമായും തള്ളിക്കളയുകയാണുണ്ടായത്. പരിപാടി അലങ്കോലമാക്കിയവർ നിരവധി നാളുകളായി പാർട്ടിവിരുദ്ധപ്രവർത്തനം നടത്തുന്നവരാണെന്നാണ് സ്ഥലത്തെ കോൺഗ്രസ്സ് നേതാക്കൾ പറയുന്നത് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.