പുതുപ്പള്ളിയിലെ വസന്തത്തിന് അന്‍പതാണ്ട്.

പുതുപ്പള്ളിക്കു മറ്റൊരു പ്രതിനിധിയെപ്പറ്റിയും ഉമ്മന്‍ ചാണ്ടിക്കു മറ്റൊരു മണ്ഡലത്തെപ്പറ്റിയും ചിന്തിക്കേണ്ടിവന്നിട്ടില്ലാത്ത യാത്രയ്‌ക്ക്‌ 50 വര്‍ഷം പൂര്‍ത്തിയാകുന്നു. ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‌ 50 വയസ്‌ പൂര്‍ത്തിയാകുന്ന സുവർണജൂബിലി ദിനം 17ന് കോട്ടയത്ത് ആഘോഷിക്കും. പുതുപ്പള്ളി മണ്ഡലത്തെ തുടർച്ചയായി 50 വർഷം നിയമസഭയിൽ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി രണ്ടു പ്രാവശ്യം മുഖ്യമന്ത്രിയായി കോൺഗ്രസിൽ അപൂർവമായ റിക്കാർഡാണ് കുറിച്ചിരിക്കുന്നത്.

തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍നിന്നു വിജയിച്ച്‌ 50 വര്‍ഷം നിയമസഭയിലെത്തുന്ന ആദ്യത്തെ കോണ്‍ഗ്രസുകാരനാണ്‌ ഉമ്മന്‍ ചാണ്ടി. കെ.എം. മാണിയെ, പാലാ ഇങ്ങനെ നിയമസഭയിലേക്ക്‌ അയച്ചിട്ടുണ്ടെങ്കിലും ദേശീയ പാര്‍ട്ടിയില്‍നിന്ന്‌ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യത്തെ എം.എല്‍.എ. എന്ന ബഹുമതി ഉമ്മന്‍ ചാണ്ടിക്കുതന്നെ. അന്തരിച്ച കെ.എം മാണി 53 വർഷം പാലാ മണ്ഡലത്തെ പ്രതിനിധീകരിച്ചതാണ് നേരത്തെയുള്ള റെക്കോർഡ്. പുതുപ്പള്ളിയിൽ നിന്ന് 1970 സെപ്തംബർ 17നാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. ഇടതുപക്ഷമുന്നണി സ്‌ഥാനാര്‍ഥിയായിരുന്ന ഇ.എം. ജോര്‍ജിനെ 7,288 വോട്ടിനു തോല്‍പ്പിച്ചായിരുന്നു നിയമസഭാപ്രവേശനം.

കന്നിയങ്ക സമയത്ത് യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന അധ്യക്ഷനായിരുന്ന അദേഹത്തിനു ചിഹ്നം നല്‍കാനെത്തിയ കോണ്ഗ്രസ്സിന്‍റെ സമുന്നതനായ നേതാവ് പ്രൊഫ.കെ.എം ചാണ്ടി ഉമ്മന്‍‌ചാണ്ടിയോട് പറഞ്ഞത് ‘പുതുപ്പള്ളിയില്‍ ജയിക്കാമെന്ന് കരുതണ്ട, രണ്ടാം സ്ഥാനത്ത് വന്നാല്‍ ഞങ്ങള്‍ ജയിച്ചെന്ന് കണക്കുകൂട്ടും’ കോണ്ഗ്രസ്സ് വിഘടിച്ചു നിന്നിട്ടും വാശിയേറിയ ത്രികോണമത്സരത്തില്‍ ഉമ്മന്‍‌ചാണ്ടി വിജയിച്ചു. പിന്നീട് നടന്ന 10 തിരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം കൂട്ടി പുതുപ്പള്ളിയിൽ നിന്നും അദ്ദേഹം നിയമസഭയിലെത്തി.വിജയിക്കുമോ എന്നല്ല, ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷമെത്ര എന്ന ആകാംക്ഷ മാത്രമേ പുതുപ്പള്ളിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പുകളില്‍ ഉയരാറുള്ളൂ. എതിരാളിയായി എത്തുന്നവര്‍ക്കു വി.ഐ.പി. മണ്ഡലത്തിലെ സ്‌ഥാനാര്‍ഥിയെന്ന നിലയ്‌ക്ക്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാം.

തിരുവനന്തപുരത്തു ചെന്നാലും പുതുപ്പള്ളിയിലാണ്‌ ഉമ്മന്‍ ചാണ്ടിയുടെ താമസം കാരണം തിരുവനന്തപുരത്തെ വീടിനു പുതുപ്പള്ളിയെന്നുതന്നെയാണ് പേര്‌. രണ്ടു തവണ മുഖ്യമന്ത്രിയായതിനു പുറമേ ധനകാര്യം, ആഭ്യന്തരം, തൊഴില്‍ മന്ത്രിയായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലൂടെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ പ്രതിപക്ഷനേതാവിന്‍റെ സ്‌ഥാനം ഏറ്റെടുക്കാതെ മാറിനിന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ്‌ കേന്ദ്രനേതൃത്വം അദ്ദേഹത്തെ ചേര്‍ത്തുപിടിച്ചു.

കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സുവർണജൂബിലി സമ്മേളനം നടത്തുക. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. സൂം മീറ്റിംഗിലൂടെ രാഹുൽഗാന്ധി, എ.കെ ആന്റണി,അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കേരളത്തിലെ രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.



facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram