സ്വപ്നയെ ചൊല്ലി സിപിഎമ്മില്‍ തമ്മിലടി; സ്വപ്നക്കൊപ്പമുള്ള മകന്‍റെ ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയെന്ന് ഇപി ജയരാജന്‍റെ പരാതി.

സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടും സ്വപ്ന സുരേഷുമായുള്ള അടുപ്പത്തെ കുറിച്ചും ആരോപണങ്ങൾ വാര്‍ത്തകളിൽ നിറയുന്നതിനിടെ പാര്‍ട്ടിക്ക് മുന്നിൽ പരാതി ഉന്നയിക്കാനൊരുങ്ങി ഇപി ജയരാജൻ. ബിനീഷ് കോടിയേരിക്ക് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍ മകന്‍ ജയ്സന്‍റെ പേര് പുറത്ത് വന്നതില്‍ ഗൂഢാലോചനയുണ്ടെന്നാണ് മന്ത്രി ഇപി ജയരാജൻ ഉന്നയിക്കുന്ന പരാതി. സ്വപ്നക്കൊപ്പം ജയ്സന്‍ നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടത് ബിനീഷ് കോടിയേരിയാണെന്നാണ് ഇപിയും കുടുംബവും സംശയിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്വര്‍ണക്കടത്ത് കേസ് ചര്‍ച്ചയാകുമ്പോള്‍ പരാതി ഇപി ജയരാജന്‍ ഉന്നയിക്കുമെന്നാണ് വിവരം.

2018 ലാണ് സ്വപ്ന സുരേഷിന് മന്ത്രി ഇപി ജയരാജന്‍റെ മകന്‍ പാര്‍ട്ടി നടത്തിയത്. പാസ്പോര്‍ട്ട് സംബന്ധമായ പ്രശ്നം പരിഹരിച്ച് നല്‍കിയതിന്‍റെ പ്രത്യുപകാരമായിരുന്നു പാര്‍ട്ടി. ബിനീഷ് കോടിയേരി മുഖേനയാണ് ജയ്സന്‍ സ്വപ്നയെ പരിചയപ്പെട്ടത്. പാര്‍ട്ടി നടത്തണമെന്നാവശ്യപ്പെട്ടതും വേണ്ട ക്രമീകരണങ്ങളെല്ലാം ചെയ്തതും ബിനീഷ് തന്നെ. സ്വപ്നയും ബിനീഷും ജയ്സനുമടക്കം 7 പേര്‍ മാത്രം പങ്കെടുത്ത പാര്‍ട്ടിക്കിടെ എടുത്ത മൊബൈല്‍ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫോട്ടോയായി പുറത്ത് വന്നത്. ഇതിലാണ് ഇപിയും കുടുംബവും ദുരൂഹത കാണുന്നത്.

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ജയ്സന്‍റെ ഫോട്ടോ പുറത്ത് വരുന്നത്. 2018ന് ശേഷം സ്വപ്നയുമായി ജയ്സന് യാതൊരു ബന്ധവുമില്ലെന്നാണ് ഇപി ജയരാജന്‍റെ വാദം. എന്നിട്ടും ഈ ചിത്രം പുറത്ത് വിട്ട് തന്നെയും കുടുംബത്തെയും ബിനീഷ് ആക്ഷേപിച്ചെന്നാണ് ഇപിയുടെ പരാതി. ഇതില്‍ ഗൂഡാലോചനയുണ്ടെന്ന് പറഞ്ഞായിരിക്കും ഇപി പാര്‍ട്ടിക്ക് പരാതി കൊടുക്കുക.

ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്ന സമയം മുതല്‍ ഇപി ജയരാജന്‍ കോടിയേരിക്കെതിരെതിരാണ്. പുതിയ പരാതി കൂടി വരുന്നതോടെ കോടിയേരി ഇപി തര്‍ക്കം രൂക്ഷമായേക്കും. പോളിറ്റ് ബ്യൂറോക്ക് മുന്നിൽ വരെ പ്രശ്നം എത്തുകയും ചെയ്യും . ഓണ്‍ലൈന്‍ യോഗമൊഴിവാക്കി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് പാര്‍ട്ടി സംസ്ഥാന സമിതി ചേരാനിരിക്കെയാണ് പാര്‍ട്ടിയുടെ ഉന്നത തലത്തില്‍ വലിയൊരു തര്‍ക്കം ഉടലെടുക്കുന്നത്. മറ്റ് അംഗങ്ങളുടെ നിലപാട് ആയിരിക്കും ഏറെ നിര്‍ണായകം.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram