അരുണാചല്‍ പ്രദേശില്‍നിന്നും അഞ്ച് യുവാക്കളെ ചൈന തട്ടികൊണ്ട് പോയതായി ആരോപണം.

ന്യൂഡൽഹി: അഞ്ച് ഇന്ത്യക്കാരെ ചൈന തട്ടിക്കൊണ്ടു പോയതായി കോൺഗ്രസ്. അരുണാചൽ പ്രദേശുകാരെയാണ് ചൈനീസ് സൈന്യം തട്ടികൊണ്ടുപോയത്. കോൺഗ്രസ് എം.എൽ.എ ആയ നിനോംഗ് എറിംഗാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ഒൗദ്യോഗിക സ്ഥിരീകരണമില്ല. കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷം രൂക്ഷമായിരിക്കെയാണ് ആരോപണവുമായി കോൺഗ്രസ് എം.എൽ.എ രംഗത്തെത്തിയിരിക്കുന്നത്. ലഡാക്കിനും ഡോക്ലാമിനും ശേഷം ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ആക്രമണം ആരംഭിച്ചതായാണ് നിനോംഗ് എറിംഗ് ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ചൈനക്കാർ നിയന്ത്രണരേഖ മറികടന്നുവെന്നും കോൺഗ്രസ് നിയമസഭാംഗം ആരോപണം ഉന്നയിച്ചു. “ചൈനക്കാർ വീണ്ടും ശല്യമുണ്ടാക്കാൻ തുടങ്ങി. ലഡാക്കിലെയും ഡോക്ലാമിലെയും പോലെ, അവർ അരുണാചൽ പ്രദേശിൽ കടന്നുകയറ്റം ആരംഭിച്ചു.” എന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം. ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ അഞ്ച് പേരുടെ പേരുകൾ ഉൾപ്പെടുത്തിയാണ് എം.എൽ.എയുടെ ട്വീറ്റ്. അരുണാചൽ പ്രദേശിലെ അപ്പർ സുബാസിരി ജില്ലയിൽ നിന്നാണ് അഞ്ച് യുവാക്കളെ ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്നാണ് കോൺഗ്രസ് എം.എൽ.എ പറയുന്നത്. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ രാത്രിയാണ് സംഭവം നടന്നതെന്നും സ്ഥരീകരിക്കാത്ത വിവരങ്ങളുണ്ട്. മാർച്ചിൽ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും അന്ന് 21 വയസുള്ള ഒരാളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയിരുന്നുവെന്നും എം.എൽ.എ വ്യക്തമാക്കി. ലഡാക്കിന് പുറമെ അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള കിഴക്കൻ മേഖലകളിൽ ചൈന പ്രകോപനം സൃഷ്ടിച്ചേക്കാമെന്ന് സൈന്യം വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ചൈനയുമായുള്ള നിയന്ത്രണരേഖയിലുടനീളം ജാഗ്രത പാലിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് അഞ്ചു പേരെ തട്ടിക്കൊണ്ടുപോയ വാർത്ത പുറത്തുവന്നത്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram