ദൈനംദിന പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതലായി ഉപയോഗത്തിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി പരസ്യ വിതരണ വിഭാഗത്തിൽ നിന്ന് മാറ്റങ്ങൾ കൊണ്ടുവരാനുള്ള ആലോചനയിലാണ് ഗൂഗിൾ. 2023 ൽ 12000 പേരെ പിരിച്ചുവിട്ടതിന് ശേഷം വീണ്ടും ഒരു കൂട്ടപ്പിരിച്ചുവിടലുണ്ടായേക്കുമെന്ന ആശങ്കയിലാണ് ജീവനക്കാർ.
ഗൂഗിൾ പ്ലാറ്റ്ഫോമുകളിൽ പരസ്യങ്ങൾ വാങ്ങുന്നതിന് മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിക്കാനാണ് ഗൂഗിൾ ആഗ്രഹിക്കുന്നത്. പുതിയ പരസ്യങ്ങൾ ഓട്ടോമാറ്റിക് ആയി നിർമിക്കുന്നതിന് വേണ്ടിയുള്ള എഐ ടൂളുകൾ ഇതിനകം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അതിന് വളരെ കുറച്ച് ആളുകൾ മാത്രം മതി. അത് കമ്പനിക്ക് കൂടുതൽ ലാഭകരവുമാണ്.
ഗൂഗിളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മുന്നേറ്റം തൊഴിൽ നഷ്ടത്തിന് ഇടയാക്കുമെന്നാണ മാധ്യമ വെബ്സൈറ്റായ ദി ഇൻഫർമേഷന്റെ ഒരു റിപ്പോർട്ടിൽ പറയുന്നത്. ആളുകളെ മറ്റ് പലയിടങ്ങളിലേക്ക് മാറ്റാനും പരസ്യ ദാതാക്കളുമായുള്ള കമ്പനിയുടെ ബന്ധം കൈകാര്യം ചെയ്യുന്ന കസ്റ്റമർ സെയിൽസ് യൂണിറ്റിൽ നിന്ന് ചിലയാളുകളെ പിരിച്ചുവിടാനും സാധ്യതയുണ്ട്. ചില ചുമതലകളിൽ എഐ ഉപയോഗിക്കാനുള്ള ചർച്ചകൾ ഗൂഗിളിന്റെ പരസ്യ വിഭാഗത്തിന്റെ യോഗത്തിൽ നടന്നിരുന്നു.
2023 മേയിൽ പരസ്യ മേഖലയിലെ എഐ ഉപയോഗസാധ്യതകൾ കമ്പനി അവതരിപ്പിച്ചിരുന്നു. എഐ ഉപയോഗിച്ച് എളുപ്പം പരസ്യങ്ങൾ നിർമിക്കുന്ന രീതിയും കീവേഡുകൾ, ഹെഡ്ലൈനുകൾ, ചിത്രങ്ങൾ തുടങ്ങിയവ നിർമിക്കുന്നതും ഗൂഗിൾ അവതരിപ്പിക്കുകയുണ്ടായി.
പരസ്യം നിർമിക്കുന്നതിനുള്ള പ്രധാന ടൂളുകളിലൊന്നാണ് പെർഫോമൻസ് മാക്സ് (പി മാക്സ്). മെയ് മാസത്തിന് ശേഷം ചില അപ്ഡേറ്റുകൾ ഇതിൽ കൊണ്ടുവന്നു. ഗൂഗിളിന്റെ വിവിധ പരസ്യ പ്ലാറ്റ്ഫോമുകളിൽ എവിടെയെല്ലാം പരസ്യങ്ങൾ സ്ഥാപിക്കണം എന്ന് തീരുമാനിക്കാൻ പിമാക്സ് പരസ്യദാതാക്കളെ സഹായിക്കും. വെബ്സൈറ്റുകൾ പരിശോധിച്ച് പരസ്യ ഉള്ളടക്കങ്ങൾ സ്വയം നിർമിക്കും.
പി മാക്സ് പോലുള്ള ടൂളുകൾക്ക് ജനപ്രീതിലഭിക്കുമ്പോൾ ഡിസൈൻ, വിതരണം തുടങ്ങിയ മേഖലകളിലെ മനുഷ്യരുടെ ഇടപെടൽ കുറഞ്ഞുവരും. ഇത് കമ്പനിയ്ക്ക് ലാഭമാണ്.
റിപ്പോർട്ടുകളിൽ പറയുന്ന പോലെ ഗൂഗിളിൽ ഒരു പുനസംഘടനയുണ്ടായാൽ അത് പരസ്യ വിഭാഗത്തിൽ ഒരു പ്രധാനഭാഗത്തെ ബാധിച്ചേക്കും.