തെക്കൻ കേരളത്തിൽ കാൽനൂറ്റാണ്ടിലധികമായി കൈവശം വച്ചിരുന്ന നിരവധി കോളേജ് യൂണിയൻ ഭരണം എസ്.എഫ് .ഐക്ക് നഷ്ടമായി.
കേരളത്തിലെ കലാലയങ്ങളിൽ നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്.എഫ്.ഐയുടെ പല കുത്തക ക്യാംപസുകളിലും വൻ തകർച്ചയാണ് അവർക്ക് നേരിടേണ്ടിവന്നത്. അടുത്തകാലത്ത് സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന പലവിവാദങ്ങളും തിരഞ്ഞെടുപ്പിൽ അവർക്ക് പ്രതികൂലമായി. നിലവിലെ എസ് എഫ് ഐ നേതൃത്വത്തെയാണ് ഈ കാര്യത്തിൽ സി.പി.എം കുറ്റപ്പെടുത്തുന്നത്. സംഘടനയുമായി ബന്ധപ്പെട്ടുണ്ടായ പല വിവാദങ്ങളിലും നേതൃത്വം വേണ്ടരീതിയിൽ ഇടപെടൽ നടത്തിയില്ല, വ്യാജരേഖ, സർട്ടിഫിക്കറ്റ്, ആൾമാറാട്ട കേസുകളിൽ പ്രതികൾക്കൊപ്പം നിന്നുകൊണ്ട് സംഘടനയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കി തുടങ്ങിയ വാദങ്ങളാണ് സി.പി.എം നേതൃത്വം നിരത്തുന്നത്. എസ്.എഫ്.ഐയിൽ അടിമുടി അഴിച്ചുപണി ആവശ്യമായി വന്നിരിക്കുകയാണെന്നാണ് സി.പി.എം വിലയിരുത്തൽ. എന്നാൽ ഭരണവിരുദ്ധ വികാരമാണ് ക്യാമ്പസുകളിലും പ്രതിഭലിക്കുന്നതെന്ന മറ്റൊരു വാദവും ശക്തമായിരിക്കുകയാണ്. നിലവിലെ ഭരണകൂടത്തിനെതിരെ യുവജനത ചിന്തിച്ചുതുടങ്ങിയിരിക്കുന്നു എന്നതിൻറെ സൂചനയായി ഈ പരാജയങ്ങളെ കാണേണ്ടിയിരിക്കുന്നു എന്നതാണ് വാദം.
24 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് യൂണിയൻ ഭരണം കെഎസ് യുവിന് ലഭിക്കുന്നത്. മുഴുവൻ ജനറൽ സീറ്റുകളും കെ എസ് യു പിടിച്ചെടുത്തു. 12 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവൺമെൻറ് കോളേജ് യൂണിയനും കെഎസ് യു നേടി. തോന്നക്കൽ എ ജെ കോളേജും കെഎസ് യു നേടി. ലോ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി സീറ്റുകളും കെഎസ് യു സ്വന്തമാക്കി. ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന 16 ൽ ഏഴിടത്ത് കെഎസ് യുവും 7 ഇടത്ത് എസ് എഫ് ഐയും ജയിച്ചു. കാലിക്കറ്റ്, എംജി, യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പുകളിലെ മികച്ച വിജയത്തിന് പിന്നാലെയാണ് കേരളയിലും കെഎസ് യു നേട്ടമുണ്ടാക്കിയത്. തിരുവനന്തപുരം ഗവ. ലോ കോളേജിലെ ചെയര്മാന് സ്ഥാനം 25 വർഷത്തിന് ശേഷം കെ എസ് യു പിടിച്ചെടുത്തു.