കണ്ണൂര്‍: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ ചീങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുഭിലാഷിനെയാണ് മൈസൂര്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്തത്. ഇയാളുടെ സഹോദരന്‍ സുബിത്തും കസ്റ്റഡിയിലുണ്ട്. കേരളത്തിലേക്ക് 500 കിലോഗ്രാം കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് മൈസൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മൈസൂരിൽ നിന്നുള്ള പൊലീസ് സംഘം നേരിട്ട് കണ്ണൂരിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുഭിലാഷിനെ നേരത്തെ പൊലീസ് ക്ലിയറൻസ് ഇല്ലാതെ കണ്ണൂരിൽ ആംബുലൻസ് ഡ്രൈവറായി നിയമിച്ചത് പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ വിവാദമായിരുന്നു.