മാറ്റത്തിന് തുടക്കം കുറിക്കാൻ ഹീറോയുടെ പുതിയ മോഡുലാർ ഇലക്‌ട്രിക് വാഹനം; സ്‌കൂട്ടറും ഓട്ടോയുമായി മാറ്റി ഉപയോഗിക്കാം

2.5 ലക്ഷത്തിനും 3 ലക്ഷത്തിനും ഇടയിൽ വിലവരുമെന്ന് നിഗമനം

ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ് തങ്ങളുടെ ആദ്യ മോഡുലാർ വാഹനമായ S32 പരിചയപ്പെടുത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇതൊരു മോഡുലാർ വാഹനമാണെന്നതു തന്നെയാണ് പ്രത്യേകത. രണ്ട് തരത്തിൽ ഉപയോഗിക്കാനാവുന്ന വണ്ടിയാണിത്. ഇതൊരു ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമാണ്. ത്രീവീലറായും ടൂവീലറായും ഈ വാഹനം കൊണ്ടുനടക്കാമെന്ന് സാരം. കാർഗോ അല്ലെങ്കിൽ ഫെറി യാത്രക്കാരെ കൊണ്ടുപോകുന്നതിനും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളെ പിന്തുണയ്ക്കുന്നതിനുമായാണ് ഈ മോഡൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വാഹന നിർമാതാവ് ഇത്തരമൊരു ആശയം പിന്തുടരുന്നതും അവതരിപ്പിക്കുന്നതും.

ഈ മോഡുലാർ വാഹനം സ്വന്തമാക്കാൻ ഉദ്ദേശിക്കുന്ന യഥാർഥ സ്വയം തൊഴിലുള്ള ആളുകൾക്ക് മാത്രമായി ഇത് പരിമിതപ്പെടുത്തിയേക്കാനും സാധ്യതയുണ്ട് കേട്ടോ. വാഹനം വാങ്ങുന്നതിലൂടെ സ്വകാര്യ ഉപയോഗവും ഒപ്പം ജോലിക്കാവശ്യമായ യാത്രകളും ഒരേസമയം പൂർത്തിയാക്കാൻ സാധിക്കും. ഇതുവഴി, സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിക്ക് ഒന്നിൻ്റെ വിലയ്ക്ക് രണ്ട് വാഹനങ്ങൾ ലഭിക്കും. സർജ് ഇതിനെ “ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ” എന്നാണ് വിളിക്കുന്നത്.

ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും അവരുടെ വരുമാന സാധ്യതയും അവരുടെ മൊത്തത്തിലുള്ള ജീവിതശൈലിയും ഉയർത്താൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു വാഹനം സ്വന്തമാക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്കും വാങ്ങുന്നവർക്കും രണ്ട് മോഡലുകളായി മാറാം എന്നതാണ് സർജ് S32 ഇവിക്ക് പിന്നിലെ ആശയം. 3W സെറ്റപ്പിൽ നിന്ന് സ്കൂട്ടർ വേർതിരിച്ചെടുക്കാൻ വെറും 3 മിനിറ്റ് സമയം മാത്രമാണ് വേണ്ടിവരുന്നതെന്ന് സർജ് പറയുന്നു.

ത്രീവീലർ വാഹനവും സ്‌കൂട്ടറും തമ്മിലുള്ള പരിവർത്തനം എവിടെവെച്ച് വേണമെങ്കിലും സാധ്യമാണെന്നും സുഗമമായ പരിവർത്തനം ഉറപ്പാക്കാൻ അഡാപ്റ്റീവ് കൺട്രോളുകളും പ്രവർത്തനങ്ങളും ഉണ്ടെന്നും സർജ് S32 മോഡൽ ഉറപ്പുവരുത്തുന്നുണ്ട്. ഒറ്റനോട്ടത്തിൽ സർജ് S23 ഏതെങ്കിലും 3W ഇലക്ട്രിക് കാർഗോ വാഹനമോ റിക്ഷയോ പോലെയാണിരിക്കുന്നത്. ഫ്രണ്ട് പാസഞ്ചർ ക്യാബിനും ഇതിന്റെ പ്രത്യേകതയാണ്.

ഓട്ടോയുടേതായ വിൻഡ്‌സ്‌ക്രീൻ, ഹെഡ്‌ലൈറ്റുകൾ, ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്‌സ്‌ക്രീൻ വൈപ്പറുകൾ തുടങ്ങി എല്ലാ സവിശേഷതകളും ഇതിൽ കമ്പനി കോർത്തിണക്കിയിട്ടുമുണ്ട്. എന്നിരുന്നാലും ഡോറുകൾ ഇപ്പോൾ വാഹനത്തിൽ സജ്ജീകരിച്ചിട്ടില്ലെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാണ്. പക്ഷേ കാലാവസ്ഥാ സംരക്ഷണത്തിനായി സർജ് നീക്കം ചെയ്യാവുന്നതും സിപ്പർ ചെയ്തതുമായ സോഫ്റ്റ് ഡോറുകൾ വാഗ്ദാനം ചെയ്യാനുള്ള സാധ്യതയുണ്ട്.

ഓട്ടോറിക്ഷക്ക് 10 kW (13.4 bhp) പവറുള്ള 11 kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇതിന് പരമാവധി 50 കിലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കാനാവുന്നതെന്ന് കമ്പനി പറയുന്നു. ലോഡ് വഹിക്കാനുള്ള ശേഷി 500 കിലോഗ്രാമാണെന്നും സർജ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കാർഗോ മോഡലുകളുടെ 3 വകഭേദങ്ങളും യാത്രക്കാരെ കൊണ്ടുപോകാൻ ഒരു വേരിയൻ്റും (ഇ-റിക്ഷ) സർജ് വാഗ്ദാനം ചെയ്യും.

മറുവശത്ത് സ്‌കൂട്ടറിൽ 3 kW (4 bhp) കരുത്തുള്ള 3.5 kWh ബാറ്ററി പായ്ക്കാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് 60 കിലോമീറ്റർ വേഗതയാണ് പുറത്തെടുക്കാനാവുക. എന്തായാലും ഈ വാഹനം യാഥാർഥ്യമാവുകയാണെങ്കിൽ ഇന്ത്യയിലെ വാഹന വ്യവസായത്തിൽ തന്നെ പുതിയൊരു മാറ്റത്തിന് ക്ലാസ് ഷിഫ്റ്റിംഗ് വെഹിക്കിൾ തുടക്കം കുറിച്ചേക്കും. സിനിമകളിൽ മാത്രം കണ്ടിരുന്ന ഇത്തരം ഫാന്റസി മോഡലുകൾ സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ വാഗ്‌ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

facebook
Twitter
Follow

Leave a Reply

Your email address will not be published. Required fields are marked *

YouTube
Instagram