📌ഗൺമാൻ വണ്ടിയിൽ നിന്നിറങ്ങിയത് മുഖ്യമന്ത്രിയുടെ വാഹനം പോയ ശേഷം 📌 സുരക്ഷാവ്യൂഹത്തിന്റെ ഭാഗമായ വാഹനം ഇതിനായി നിർത്തി 📌റോഡിലെ പ്രതിഷേധക്കാരെ നേരിടേണ്ടത് ലോക്കൽ പൊലീസ്.

ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കാടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ നേതൃത്വത്തിൽ തല്ലിച്ചതച്ചത് പ്രോട്ടോക്കോൾ ലംഘനം. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചാടിയിറങ്ങി സമരക്കാരെ ലാത്തികൊണ്ട് അടിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തിന്റെ ഭാഗമായ വാഹനം ഇതിനുവേണ്ടി നിർത്തിയിട്ടു. റോഡിലെ പ്രതിഷേധക്കാരെ നേരിടേണ്ടത് ലോക്കൽ പൊലീസിൻ്റെ ചുമതലയാണ്. വി.ഐപികളുടെ വ്യക്തിഗത സുരക്ഷയാണ് ഗൺമാൻമാരുടെ ജോലി. ഇത് ലംഘിച്ചാണ് മുഖ്യമന്ത്രിയുടെ ഗൺമാനും സംഘത്തിലെ മറ്റ് മൂന്നുപേരും രണ്ട് യുവാക്കളെ തല്ലിച്ചതച്ചത്. ലോക്കൽ പൊലീസ് കീഴ് പ്പെടുത്തിക്കഴിഞ്ഞവരെയാണ് ഇവർ മർദിച്ചത്.

നവകേരളസദസ് തുടങ്ങിയശേഷം ഇതാദ്യമായല്ല മുഖ്യമന്ത്രിയുടെ ഗൺമാനെതിരെ ആക്ഷേപമുയരുന്നത്. ഇടുക്കിയിൽ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്തതും ഈ ഗൺമാൻ തന്നെയാണ്. മുദ്രാവാക്യം വിളിച്ചതിന് ഇത്ര ക്രൂരമായി മർദിക്കണോ എന്നു കണ്ടു നിന്നവർ പോലും ചോദിക്കുന്ന തരത്തിലാണ് രണ്ട് കെ.എസ്.യൂ, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അടിച്ചുപരുക്കേൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുമ്പോൾ മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാർ തടഞ്ഞു. ഈ സമയത്താണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗൺമാനും എസ്കോർട്ട് വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരും വളഞ്ഞിട്ടടിച്ചത്.