പാരീസ്: ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷന്‍ 2016 ൽ 59,000 കോടിയുടെ റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്ക്ക് വിറ്റതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ അന്വഷിക്കാന്‍ ഫ്രഞ്ച് ജഡ്ജിയെ ചുമതലപ്പെടുത്തിയതായി ദേശീയ ധനകാര്യ പ്രോസിക്യൂട്ടർ ഓഫീസ് (പി.എൻ.എഫ്) അറിയിച്ചു. ഇതോടെ ഇന്ത്യയുമായി നടത്തിയ 36 വിമാനങ്ങൾക്കായുള്ള 7.8 ബില്യൺ യൂറോ (9.3 ബില്യൺ ഡോളർ) കരാർ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി. കണക്കുകളില്‍ കൃത്രിമം നടന്നത് സംബന്ധിച്ച് ഫ്രാന്‍സിലെ പ്രമുഖ മാധ്യമ സ്ഥാപനമായ മീഡിയപാര്‍ട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് 4.38 കോടി രൂപ ഇന്ത്യയിലെ ഇടനിലക്കാരന്‍ കൈപ്പറ്റിയതായി വെളിച്ചത്തുവന്നത്. ഇടനിലക്കാരന് ഡാസോ നല്‍കാന്‍ നിശ്ചയിച്ചിരുന്ന 8.76 കോടിയുടെ ആദ്യ ഗഡുവായിരുന്നു ഈ തുക. 2016ലാണ് ഫ്രാന്‍സില്‍നിന്ന് 59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ കരാറായത്. 2018ലെ ഡാസോയുടെ കണക്കുകള്‍ എ.എഫ്.എ(അഴിമതിവിരുദ്ധ ഏജന്‍സി) പരിശോധിച്ചപ്പോഴാണ് ഇന്ത്യയിലെ ഇടനിലക്കാരന് 4.38 കോടി രൂപ “കരാറിലെ കക്ഷിക്കുള്ള സമ്മാനം” എന്ന പേരില്‍ രേഖപ്പെടുത്തിയത് കണ്ടെത്തിയത്.
വിമാന മാതൃകയുടെ രൂപത്തിലായിരുന്നുവത്രെ ഇന്ത്യയിലെ ഇടനിലക്കാരന്, ഫ്രാന്‍സിലെ വിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കോഴപ്പണം നല്‍കിയത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ 50 കൊച്ചുമാതൃകകള്‍ ഉണ്ടാക്കിയാണ് അഴിമതിക്ക് മറയിട്ടത്. ഈ മാതൃകകള്‍ നിര്‍മിക്കാന്‍ ഇന്ത്യയിലെ ഡെഫ്‌സിസ് സൊലൂഷ്യന്‍ കമ്പനിക്ക് കരാര്‍ കൊടുത്തുവെന്നാണ് ഡാസോ എ.എഫ്.എയെ ബോധിപ്പിക്കാന്‍ ശ്രമിച്ചത്. മാതൃകകളില്‍ ഒന്നിനു വിലയിട്ടത് 17.5 ലക്ഷംരൂപ!. എന്നാല്‍ ഡെഫ്‌സിസ് സൊലൂഷ്യന്‍ കമ്പനി മാതൃക നിര്‍മിച്ചതിന്‍റെയോ, ഡാസോ അതു കൈപ്പറ്റിയതിന്‍റെയോ തെളിവുകള്‍ ഹാജരാക്കാന്‍ ഡാസോ കമ്പനിക്ക് കഴിയാതെ വന്നപ്പോഴാണ് ഇടപാടില്‍ അഴിമതി നടന്നതായി വ്യക്തമായത്. റാഫേല്‍ യുദ്ധവിമാനങ്ങളുടെ കൊച്ചുമാതൃകകള്‍ മറയാക്കി കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
2012ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണ് ഫ്രാന്‍സില്‍നിന്ന് റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായത്. രണ്ട് എന്‍ജിനുകളുള്ള ഈ യുദ്ധവിമാനം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ആക്രമണം നടത്താന്‍ കെല്‍പ്പുള്ളതാണ്. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പനികളെ മറികടന്ന് ചുരുങ്ങിയ നിരക്കില്‍ ടെന്‍ഡര്‍ നല്‍കിയത് ഫ്രാന്‍സിലെ ഡസോള്‍ട്ട് വിമാന നിര്‍മാണ കമ്പനിയായതിനാല്‍ കരാര്‍ അവര്‍ക്ക് നല്‍കാന്‍ തീരുമാനമായതായിരുന്നു. 126 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. ഇതില്‍ 18 വിമാനങ്ങള്‍ പൂര്‍ണമായി വാങ്ങുകയും ബാക്കിയുള്ളതിന്‍റെ സാങ്കേതികവിദ്യ ഇന്ത്യയിലെത്തിച്ച് ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സില്‍ നിര്‍മിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍, എ.കെ ആന്റണി കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച കരാറില്‍ എത്തിയില്ല. 2015ല്‍ അധികാരത്തിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തിയപ്പോള്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയും 2016ല്‍ കരാറാവുകയും ചെയ്തു. നേരത്തെ 18 വിമാനങ്ങള്‍ വാങ്ങാനും ബാക്കിയുള്ളതിന്റെ സാങ്കേതികവിദ്യ കൈമാറാനുമായിരുന്നു തീരുമാനിച്ചിരുന്നതെങ്കില്‍ 36 വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു മോദി സര്‍ക്കാര്‍. ഇതില്‍ സാങ്കേതികവിദ്യ കൈമാറാന്‍ കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നില്ല.
കരാര്‍ ഒപ്പിട്ടതിനു പിന്നില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കരാറിന്‍റെ വിശദാംശങ്ങള്‍ പരസ്യമാക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടതാണ്. ഹിന്ദുസ്ഥാന്‍ എയ്‌നോട്ടിക്‌സിനെ ഒഴിവാക്കി അട്ടിമറിയിലൂടെ അനില്‍ അംബാനിയുടെ കമ്പനിക്ക് 30,000 കോടി രൂപയുടെ അനുബന്ധ കരാര്‍ നല്‍കിയതിലും അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. അതുവരെ ഒരു കളിപ്പാട്ടം പോലും നിര്‍മിക്കാത്ത, 12 ദിവസം മാത്രം പ്രായമുള്ള അനില്‍ അംബാനിയുടെ കമ്പനിക്ക് കോടികളുടെ കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയാണ് നടന്നതെന്ന് മുന്‍പേ സംശയം ജനിച്ചിരുന്നു. ഈ ഇടപാടിലൂടെ അനില്‍ അംബാനി അധിക വരുമാനമായി ഒരു ലക്ഷം കോടിയിലധികം രൂപ നേടിയതായാണ് അനുമാനം.