കോട്ടയം: പുതുപ്പള്ളിയിൽ വികസന മുരടിപ്പ് ആരോപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിനെ ബിജെപിക്കാർ പോലും പ്രതീക്ഷിക്കാത്ത വിധത്തിൽ അനുകൂലമാക്കി ചാണ്ടി ഉമ്മൻ. മാർച്ച് കഴിഞ്ഞ് മടങ്ങാൻ തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ എത്തി കുശലം പറഞ്ഞും കൈ കൊടുത്തും ചാണ്ടി ഉമ്മൻ രംഗം കീഴടക്കി.മാർച്ച് ഉദ്ഘാടനം ചെയ്ത ബിജെപി മധ്യമേഖല പ്രസിഡന്റ് ആർ ഹരിയോടും മറ്റു നേതാക്കളോടുമാണ് ചാണ്ടി സൗഹൃദം പങ്കിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാവിലെ പത്ത് മണിയോടെയാണ് ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി എംഎൽഎ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. മണ്ഡലത്തിലെ വികസന മുരടിപ്പ് ഉന്നയിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷേധം. എംഎൽഎ ഓഫീസിന് ഏകദേശം 100 മീറ്റർ മുൻപായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞു. ഈ സമയം ചാണ്ടി ഉമ്മനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഓഫീസിനുള്ളിൽ ഉണ്ടായിരുന്നു.
പോലീസുമായുണ്ടായ ഉന്തിനും തള്ളിനും ഇടയിൽ ഒരു പ്രവർത്തകനെ പോലീസ് ലാത്തിയ്ക്ക് കുത്തി. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം മധ്യമേഖല പ്രസിഡന്റ് എൻഹരി ഉദ്ഘാടനം ചെയ്തു എൻഡിഎ പുതുപ്പള്ളി മണ്ഡലം കൺവീനർ പി സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
മാർച്ചിന്റെ അവസാന ഘട്ടത്തിൽ ഓഫീസിന് പുറത്തേക്ക് ഇറങ്ങി വന്ന ചാണ്ടി ഉമ്മൻ, പ്രതിഷേധിക്കാനെത്തിയ ബിജെപി പ്രവർത്തകർക്ക് നേരിട്ട് കൈ നൽകുകയായിരുന്നു. എംഎൽഎയുടെ ഈ അപ്രതീക്ഷിത നീക്കത്തോട് പല ബിജെപി പ്രവർത്തകരും ചിരിച്ചുകൊണ്ട് സന്തോഷത്തോടെയാണ് പ്രതികരിച്ചത്. എന്നാൽ ഇതിനിടെ ചില പ്രവർത്തകർ തമ്മിൽ തർക്കത്തിലേക്കും സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വലിയ അനിഷ്ട സംഭവങ്ങൾ ഒന്നുമില്ലാതെ തന്നെ പ്രതിഷേധം അവസാനിച്ചു. തങ്ങൾക്കെതിരെ പോലീസ് കേസെടുക്കുമെന്ന് ബിജെപി പ്രവർത്തകർ എം.എൽ.എ യോട് പരാതി പറയുകയും ചാണ്ടി ഉമ്മൻ ഇടപെട്ട് സമരക്കാർക്കെതിരെ കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം കൊടുക്കുകയും ചെയ്തു.