‘പൊലീസ് സേനയുടെ ഇത്തരം സംബോധന ഭരണഘടനാ ധാർമികതയ്ക്കും സമൂഹ മനസ്സാക്ഷിക്കും നിരക്കുന്നതല്ല. ജനാധിപത്യ മൂല്യങ്ങൾക്കു നേർവിപരീതമാണത്. പരിഷ്കൃത സമൂഹത്തിൽ പൊതുജനങ്ങളുമായി ഇടപെടുന്ന പൊലീസിന്റെ പെരുമാറ്റത്തിൽ മാന്യതയും സംസ്കാരവും ഉറപ്പാക്കണം.’– കോടതി ഉത്തരവിൽ വ്യക്തമാക്കി.
എറണാകുളം: ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് ‘എടാ, ‘പോടാ’ വിളി വേണ്ടെന്നും പോലീസിന് കർശനനിർദേശം നൽകി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി വീണ്ടും സർക്കുലർ ഇറക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിക്കുകയും ചെയ്തു. 2021 ഇതേ ജഡ്ജി തന്നെ ഇത്തരം ഒരു നിർദേശം പോലീസ് മേധാവിക്ക് നൽകിയിരുന്നു. അന്നത്തെ ഡിജിപി അനില്കാന്ത് കോടതി നിർദേശം അനുസരിച്ചു സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ അതിന് പുല്ലുവിലയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നാണ് അടുത്തകാലത്തെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ആലത്തൂരിൽ പോലീസുദ്യോഗസ്ഥൻ അഭിഭാഷകനോട് മോശമായിപെരുമാറിയ സംഭവത്തെത്തുടർന്നുള്ള ഹർജികളാണ് കോടതി പരിഗണിച്ചത്.
സർക്കുലർ ഇറക്കിയതിൻ്റെ റിപ്പോർട്ട് ഫെബ്രുവരി ഒന്നിന് ഹാജരാക്കണം. പോലീസിന്റെ ‘എടാ, പോടാ’ വിളി വേണ്ടെന്ന് ഹൈക്കോടതിയുടെ മുൻ ഉത്തരവ് നിലനിൽക്കേ കോടതി ഉത്തരവുമായി പോലീസ് സ്റ്റേഷനിൽ ഹാജരായ അഭിഭാഷകനെ ആലത്തൂരിലെ പോലീസുദ്യോഗസ്ഥൻ ‘എടാ’ എന്ന് വിളിക്കുന്നതടക്കമുള്ള വീഡിയോ സാമൂഹികമാധ്യമത്തിൽ വലിയ വ്യാപകമായി പ്രചരിച്ചിരുന്നു.
എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി പൊലീസിൽ ഒരു കാരണവശാലും തുടരരുതെന്ന് നിർദ്ദേശിച്ച് ഡി.ജി.പി അനിൽകാന്ത് 2012ൽ ഒരു സർക്കുലർ ഇറക്കിയിരുന്നു. സഭ്യമായ വാക്കുകൾ മാത്രമേ പറയാവൂ എന്നും വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സ്പെഷൽ ബ്രാഞ്ച് നിരീക്ഷിക്കുമെന്നും നിർദ്ദേശം ലംഘിച്ചാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവികൾക്ക് നടപടി സ്വീകരിക്കാമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാദ്ധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താൽ യൂണിറ്റ് മേധാവികളാണ് അന്വേഷണം നടത്തേണ്ടത്. പൊതുജനമദ്ധ്യത്തിൽ സേനയുടെ സത്പേരിന് കളങ്കമുണ്ടാകാതിരിക്കലാണ് 2021 സെപ്തംബർ ഒമ്പതിന് പുറപ്പെടുവിച്ച സർക്കുലറിന്റെ ഉദ്ദേശ്യം. എടാ, എടീ വിളികൾ വേണ്ടെന്ന് നിർദ്ദേശിച്ച് അതേ വർഷം സെപ്തംബർ മൂന്നിന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പിയുടെ സർക്കുലർ. ഈ ഉത്തരവ് നടപ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ട് അന്ന് ഡി.ജി.പിയോട് ഹൈക്കോടതി തേടിയിരിന്നു. സർക്കുലർ ഇറക്കിയാൽ മാത്രം പോരോ, അത് നടപ്പാക്കിയോ എന്ന് ഉറപ്പാക്കേണ്ടതും ഡി.ജി.പിയുടെ ഉത്തരവാദിത്വമാണെന്നും ഹൈക്കോടതി പരാമർശിച്ചിരുന്നു.